ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത പ്രധാന ചിത്രമാണ് പ്രശസ്ത സംവിധായകനായ ബിനു എസ്, ഇതിഹാസ, സ്റ്റൈൽ എന്നീ ചിത്രങ്ങൾക്ക് ശേഷം എഴുതി സംവിധാനം ചെയ്ത കാമുകി. ഒരു ക്യാമ്പസ് റൊമാന്റിക് കോമഡി ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫസ്റ്റ് ക്ലാപ് മൂവീസിന്റെ ബാനറിൽ ഉന്മേഷ് ഉണ്ണിത്താൻ ആണ്. അസ്‌കർ അലി , അപർണ്ണ ബാലമുരളി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ മികച്ച ജനശ്രദ്ധ നേടിയെടുത്തിരുന്നു. ഹണി ബീ 2.5 , ചെമ്പരത്തി പൂവ് എന്നീ ചിത്രങ്ങൾക്ക് ശേഷം അസ്‌കർ അലി നായകനായി എത്തിയിരിക്കുന്ന ചിത്രമാണ് കാമുകി.
കാലടി ശ്രീ ശങ്കര കോളേജിന്റെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ആ കോളേജിൽ പഠിക്കുന്ന അന്ധനായ വിദ്യാർത്ഥിയാണ് ഹരി. അവിടെ തന്നെ പഠിക്കുന്ന ഒരു ചട്ടമ്പി കല്യാണിയായ പെൺകുട്ടിയാണ് അച്ചാമ്മ വർഗീസ്. അവരെ തമ്മിൽ ഉണ്ടാകുന്ന പ്രണയവും അതുപോലെ അവരുടെ ക്യാമ്പസ് ലൈഫിലും വ്യക്തി ജീവിതത്തിലും സംഭവിക്കുന്ന രസകരമായ കാര്യങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അസ്‌കർ അലി ഹരി ആയി അഭിനയിക്കുമ്പോൾ അച്ചാമ്മ വർഗീസ് ആയി എത്തുന്നത് അപർണ ബാലമുരളി ആണ്.
ബിനു എസ് എന്ന ഈ യുവ സംവിധായകൻ ഒരിക്കൽ കൂടി തന്റെ സംവിധാന മികവ് തെളിയിച്ചു എന്ന് നിസംശയം പറയാൻ സാധിക്കും . ബിനു എസിന്റെ മുൻ ചിത്രങ്ങളിൽ നമ്മൾ കണ്ടിട്ടുള്ളത് പോലെ ഒരിക്കൽ കൂടി പ്രേക്ഷകന്റെ മനസ്സറിഞ്ഞു കഥ പറയാൻ ഉള്ള തന്റെ കഴിവ് അദ്ദേഹം ഈ ചിത്രത്തിലൂടെയും നമ്മുക്ക് കാണിച്ചു തന്നിട്ടുണ്ട് . വളരെ രസകരമായ രീതിയിൽ എന്റർടൈനിംഗ് ആയ കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും നിറഞ്ഞ ഒരു കമ്പ്ലീറ്റ് ക്യാമ്പസ് റൊമാന്റിക് കോമഡി ആണ് കാമുകി എന്ന ഈ ചിത്രം. ഒരുപാട് ചിരിപ്പിക്കുന്ന ഒരു മികച്ച വിനോദ ചിത്രമാക്കി കാമുകിയെ മാറ്റാൻ ഒരു എഴുത്തുകാരൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും ബിനു എസ് എന്ന കലാകാരന് കഴിഞ്ഞു എന്ന് ഉറപ്പിച്ചു പറയാം. ചിത്രം തുടങ്ങി മിനിട്ടുകൾക്കകം തന്നെ പ്രേക്ഷകന്റെ മനസ്സ് കയ്യിലെടുത്തു അവരെ കൂടി ചിത്രത്തിനൊപ്പം സഞ്ചരിപ്പിച്ചു കൊണ്ടാണ് ബിനു എസ് ഈ കഥ പറഞ്ഞിരിക്കുന്നത്. രസകരമായ കഥാ സന്ദർഭങ്ങൾക്കൊപ്പം ചിരിപ്പിക്കുന്ന ഒരുപാട് സംഭാഷണങ്ങളും ഉണ്ട് ഈ ചിത്രത്തിൽ . അത് പോലെ തന്നെ കളർഫുൾ ആയ ദൃശ്യങ്ങളും സംഗീതവും എല്ലാം നിറച്ചു പ്രേക്ഷകന് ഒരു വിരുന്നൊരുക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട് എന്ന് പറയാം.
അസ്‌കർ അലി എന്ന നടൻ ഒരിക്കൽ കൂടി വളരെ രസകരമായ പ്രകടനം കാഴ്ച വെച്ചപ്പോൾ അപർണ്ണ ബാലമുരളി ആയിരുന്നു ഈ ചിത്രത്തിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയത്. ഈ ചിത്രത്തിലും വളരെ അധികം മനോഹരിയായി കാണപ്പെട്ട അപർണ്ണ, തന്റെ എനെർജിറ്റിക് ആയ പെർഫോമൻസിലൂടെ ഏവരേയും കയ്യിലെടുത്തു. വളരെ രസകരമായ പ്രകടനത്തിലൂടെ അപർണ്ണയും , അതുപോലെ തന്നെ രസിപ്പിക്കുന്ന പ്രകടനങ്ങളോടെ കാണികളെ കയ്യിലെടുത്തു കൊണ്ട് ബൈജു, കോട്ടയം പ്രദീപ്, റോണി എന്നിവരും ചിത്രത്തിൽ നിറഞ്ഞു നിന്നു. മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പുതുമുഖങ്ങളും യുവ നടന്മാരും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിൽ നൽകിയത്.
റോവിന് ഭാസ്കർ ഒരുക്കിയ ദൃശ്യങ്ങൾ വളരെ മനോഹരമായിരുന്നു . ചിത്രത്തിന്റെ കഥയുടെ മൂഡിന് പറ്റിയ ദൃശ്യങ്ങൾ നല്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഈ ചിത്രത്തിന് പറ്റിയ രീതിയിലുള്ള അടിപൊളി സംഗീതം ഒരുക്കുന്നതിൽ ഗോപി സുന്ദറും വിജയിച്ചപ്പോൾ ചിത്രത്തിന്റെ മിഴിവ് വർധിച്ചിട്ടുണ്ട് എന്ന് പറയാം . അത് പോലെ തന്നെ സുധി മാഡിസന്റെ എഡിറ്റിംഗ് മികവും എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. അദ്ദേഹത്തിന്റെ മികച്ച എഡിറ്റിംഗ് കാമുകിക്ക് മികച്ച വേഗതയും അതിനൊപ്പം സാങ്കേതികമായ നിലവാരവും പകർന്നു നൽകിയിട്ടുണ്ട്.
ചുരുക്കി പറഞ്ഞാൽ പ്രേക്ഷകനെ ഒരുപാട് രസിപ്പിക്കുന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആണ് കാമുകി . എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന ഈ ചിത്രം നിങ്ങളെ ഒരുപാട് ചിരിപ്പിക്കും എന്നുറപ്പാണ്. . ഒരിക്കലും പ്രേക്ഷകനെ നിരാശരാക്കുന്ന ഒരു ചിത്രമായിരിക്കില്ല കാമുകി എന്ന് ഉറപ്പിച്ചു പറയാം
Comments
Post a Comment