മലയാള സിനിമാ മേഖലയെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലാത്ത മേഖലയായി വിലിയിരുത്താനാവില്ലെന്ന് നടി ആശാ ശരത്. മലയാള സിനിമാലോകത്ത് അടുത്ത കാലത്ത് ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസം ‘കൊച്ചി ടൈംസി’ന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇത് വ്യക്തമാക്കിയിരിക്കുന്നത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ വ്യാഖാനിച്ച് തര്‍ജ്ജമ ചെയ്തുവെന്നും നടി പറയുന്നു.
ആക്രമിക്കപ്പെട്ട നടിയുടെ വിഷയം മുന്‍നിര്‍ത്തിയല്ല താന്‍ ഈ കാര്യങ്ങള്‍ സംസാരിച്ചത്. മലയാളസിനിമാ വ്യവസായത്തെ പറ്റി പൊതുവായുള്ള കാര്യങ്ങളാണ് അഭിമുഖത്തില്‍ പറഞ്ഞത്. അത് മാധ്യമങ്ങള്‍ വളച്ചൊടിച്ചു. അവര്‍ക്കുവേണ്ടത് സന്ദര്‍ഭത്തിനൊത്ത് ഇപ്പോഴത്തെ പ്രശ്‌നങ്ങളുമായി കൂട്ടിയിണക്കി വാര്‍ത്ത നല്‍കുകയായിരുന്നുവെന്നും ആശ ശരത് പറയുന്നു.
ആക്രമിക്കപ്പെട്ട നടി എന്റെ ഏറ്റവും അടുത്തയാളാണ്, സഹോദരിയാണ്. അവള്‍ക്ക് സംഭവിച്ച കാര്യങ്ങള്‍ ഏറെ നിര്‍ഭാഗ്യകരമാണ്. അപ്രതീക്ഷിതമായി അവള്‍ക്കെതിരെയുണ്ടായ ഈ കുറ്റകൃത്യത്തിനെതിരെയാണ് താനും നിലകൊള്ളുന്നത്. പെട്ടെന്നുണ്ടായ ആക്രമണത്തിനെതിരെ അവള്‍ പ്രതികരിച്ച രീതി ശരിയാണ്. അങ്ങനെതന്നെയാണ് ചെയ്യേണ്ടതുമെന്ന് വിശ്വസിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
എല്ലാവരേയും പോലെ തന്നെ നൃത്തവും അഭിനയവുമെല്ലാം എന്റെ ജോലിയായാണ് ഞാന്‍ കാണുന്നത്. എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ഓഫീസുകളില്‍, ബാങ്കുകളില്‍, മാധ്യമസ്ഥാപനങ്ങളില്‍ പോലും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളുണ്ടാകാറുണ്ട്. എല്ലാ ഇടങ്ങളിലും സ്ത്രീകളുടെ മനോഭാവമാണ് പ്രധാനം. നമ്മള്‍ ഓരോ സാഹചര്യവും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്.
നമ്മള്‍ നമ്മളെതന്നെ എങ്ങനെ സംരക്ഷിക്കണമെന്ന് നമ്മള്‍ ആദ്യം പഠിക്കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത്യാവശ്യം വേണ്ടിടത്ത് പ്രതികരിക്കണം. നമ്മള്‍ പ്രതികരിച്ചാല്‍ നമുക്ക് ചുറ്റുമുള്ളവര്‍ക്ക് നമ്മുടെ നിലപാട് വ്യക്തമാകും. ചിലകാര്യങ്ങളില്‍ നമ്മള്‍ പറ്റില്ലെന്ന് പറയാന്‍ ധൈര്യമുള്ളവരാകണം. നമുക്കെതിരെ വരുന്നവര്‍ക്ക് അപ്പോള്‍ അത് ആവര്‍ത്തിക്കാന്‍ ധൈര്യമുണ്ടാകില്ല. എന്റെ കുട്ടികളോടും ഞാനിതാണ് പറയാറുള്ളത്.
നമുക്ക് നമ്മളെ സംരക്ഷിക്കാന്‍ അറിയാമെങ്കില്‍ മലയാള സിനിമാ വ്യവസായം സ്ത്രീകള്‍ക്ക് ജോലിചെയ്യാന്‍ ഏറ്റവും സുരക്ഷിതമായ ഇടമാണെന്നാണ് വിശ്വസിക്കുന്നത്. തമിഴിലും തെലുങ്കിലും കന്നഡയിലുമുള്‍പ്പെടെ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം ഏറെ സുരക്ഷിതത്വവും സൗഹൃദപരവുമായ അന്തരീക്ഷമുള്ളത് മലയാളം സിനിമയിലാണ്.
എവിടെയായാലും പ്രശ്‌നങ്ങള്‍ ഉടലെടുത്താല്‍ അത് പ്രശ്‌നങ്ങള്‍ തന്നെയാണ്. അതിനാല്‍ സ്ത്രീകള്‍ എപ്പോഴും ജാഗ്രതയും ശ്രദ്ധയും ഉള്ളവരായിരിക്കണം. ചിലസമയങ്ങളില്‍ ആകസ്മികമായി ചിലത് സംഭവിക്കാം.
എന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ മലയാള സിനിമാ മേഖല സുരക്ഷിതമല്ലാത്തതായി കാണാന്‍ സാധിക്കുന്നില്ലെന്നും ആശാ ശരത്ത് പറഞ്ഞു.
Comments
Post a Comment